നാരായണീയദിന സന്ദേശം

മനുഷ്യജന്മത്തിന്‍റെ ശ്രേഷ്ഠത

ഈ ഭൂമണ്ഡലത്തില്‍ 84 ലക്ഷം വിവിധതരം ജീവജാലങ്ങളുണ്ടെന്നാണ് പണ്ഡിതമതം. ബഹുതരം ജീവസമൂഹങ്ങളെ സൃഷ്ടിച്ചിട്ടും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് തൃപ്തിയുണ്ടായില്ലെന്നും, എന്നാല്‍ എപ്പോള്‍ മനുഷ്യനെ സൃഷ്ടിച്ചുവോ അദ്ദേഹം സന്തുഷ്ടനായി എന്നും വ്യാസഭഗവാന്‍ ഭാഗവതത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നു. തന്‍റെ അന്ത്യസൃഷ്ടിയായ മനുഷ്യന് ഹൃദയാകാശഗുഹയില്‍ സ്ഥിതിചെയ്യുന്ന ബ്രഹ്മത്തെ അവലോകനം ചെയ്യാനുള്ള ധിഷണാശക്തി ഉണ്ടെന്ന് ബ്രഹ്മാവ് മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹം സൃഷ്ടികര്‍മ്മത്തില്‍ നിന്ന് വിരമിച്ചത്. അങ്ങനെ സൃഷ്ടിയുടെ ഉത്തുംഗശൃംഗത്തില്‍ വിഹരിക്കുന്നവനാണ് മനുഷ്യന്‍.മനുഷ്യന് മാത്രമാണ് വിവേകശക്തി ഉള്ളതെന്ന് ജ്ഞാനികള്‍ ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നു. എപ്രകാരം ഒരു അരയന്നം, പാലും ജലവും ചേര്‍ന്ന
മിശ്രിതത്തില്‍ നിന്ന് ജലത്തെ തള്ളി പാലിനെ സ്വീകരിക്കുന്നുവോ, അപ്രകാരം ഒരു നരന് അനിത്യമായ ജഗത്തിനെ തള്ളി നിത്യനായ ഭഗവാനെ സാക്ഷാല്‍ക്കരിക്കാനുള്ള ബുദ്ധിവൈഭവമാണ് അവനെ സൃഷ്ടികളില്‍ അഗ്രഗണ്യനാക്കി തീര്‍ക്കുന്നത്.

ഭാഗവതശാസ്ത്രജ്ഞാനം

എന്താണ് ഈ ജഗത്തില്‍ നിത്യമായിട്ടുള്ളത് എന്ന ജ്ഞാനം നേടാന്‍ ശാസ്ത്രങ്ങളെ ആശ്രയിക്കുക തന്നെ വേണം. വേദങ്ങള്‍, വേദാന്തമായ ഉപനിഷത്തുകള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, മീമാംസകള്‍ എന്നിങ്ങനെ ശാസ്ത്രങ്ങള്‍ അനവധിയാണ്. അവയില്‍ സര്‍വ്വോപനിഷത്തുകളുടെയും സാരമാണ്. വേദവ്യാസമഹര്‍ഷിയാല്‍ രചിക്കപ്പെട്ടതും, ശ്രീശുകബ്രഹ്മര്‍ഷിയാല്‍ ഗാനം ചെയ്യപ്പെട്ടതും ആയ ശ്രീമദ്ഭാഗവതം എന്ന് സൂരികള്‍ അഭിപ്രായപ്പെടുന്നു. ഭാഗവതപഠനംകൊണ്ട് അന്തഃകരണപരിശുദ്ധിയും തദ്വാരാനിര്‍മ്മലജ്ഞാനവും നേടാം എന്ന് അവര്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.

ദ്വാപരയുഗാന്ത്യത്തില്‍ ശ്രീകൃഷ്ണഭഗവാന്‍ തന്നെ ഈ പണ്ഡിതമതം അംഗീകരിച്ചതായി കാണാം. തന്‍റെ അന്തര്‍ദ്ധാനത്തിനു ശേഷം കലിയുഗത്തില്‍ സാധാരണജനങ്ങള്‍ക്ക് 18,000 ഗ്രന്ഥങ്ങളുള്ള ബൃഹത്തായ ഭാഗവതം പാരായണം ചെയ്യാനുള്ള സമയമോ, അര്‍ത്ഥം മനനം ചെയ്യാനുള്ള ബുദ്ധിവൈഭവമോ ഇല്ലാതെവരും എന്ന് മനസ്സിലാക്കിയ അദ്ദേഹം വേദവ്യാസനോട് ഭാഗവതത്തെ സംഗ്രഹിക്കാന്‍ നിര്‍ദ്ദേശിച്ചു. ഭക്തജനങ്ങള്‍ക്ക് ഒരു പകല്‍കൊണ്ട് പാരായണം ചെയ്തുതീര്‍ക്കത്തക്കവിധത്തില്‍ ആയിരത്തോളം ശ്ലോകങ്ങളില്‍ കാവ്യാത്മകമായി ഗാനം ചെയ്യാന്‍ പറ്റിയ ഒരു സ്തോത്രം രചിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഭഗവാന്‍ അദ്ദേഹത്തെ ഇപ്രകാരം അനുഗ്രഹിച്ചു. “കലിയുഗത്തില്‍ 4300 വര്‍ഷം കഴിയുമ്പോള്‍ അങ്ങ് നിളാനദീതീരത്ത് ഒരു ബ്രാഹ്മണകുലത്തില്‍ എന്‍റെ കലയോടുകൂടി എന്‍റെ തന്നെ പേരുകൊണ്ട് പ്രസിദ്ധനായിട്ട് അവതരിക്കും. കുറച്ചുകാലം വിഷയാസക്തനായി കഴിച്ചുകൂട്ടുന്ന അങ്ങ് വാതരോഗപീഡിതനായി, എന്‍റെ പരമഭക്തനായ രാമാനുജന്‍റെ ഉപദേശപ്രകാരം വാതരോഗശമനത്തിനായി എന്‍റെ ക്ഷേത്രമായ ഗുരുവായൂരില്‍ എത്തിച്ചേരും. അപ്പോള്‍ എന്‍റെ മുന്നില്‍ ഇരുന്ന് ഭാഗവതസംഗ്രഹം എന്ന കര്‍മ്മത്തെ അനുഷ്ഠിച്ച് ആ സ്തോത്രത്തിന് “നാരായണീയം” എന്ന് നാമകരണം ചെയ്താലും.”

ശ്രീമന്നാരായണീയ മാഹാത്മ്യം

മുകളില്‍ ഉദ്ധരിച്ച ഐതിഹ്യം കേരള സംസ്കൃത അക്കാഡമി 2003-ല്‍ പ്രസിദ്ധീകരിച്ച “അംഗിരോമുനി പ്രണീതം ശ്രീമന്നാരായണീയ മാഹാത്മ്യം” എന്ന ലഘുഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളത.് ശ്രീകൃഷ്ണഭഗവാന്‍ അരുളിച്ചെയ്തതുപോലെ തന്നെ എല്ലാം സംഭവിച്ചു എന്ന് നമുക്ക് ഇന്ന് അറിയാം. 1560-ല്‍ മേല്പുത്തൂര്‍ മാതൃദത്തന്‍ ഭട്ടതിരിയുടെ പുത്രനായി നാരായണ ഭട്ടതിരി ജാതനായി. ധിഷണാശാലിയായ അദ്ദേഹം 27-ാം വയസ്സില്‍ വാതരോഗബാധിതനായ മൂലം, രാമാനുജന്‍ എഴുത്തച്ഛന്‍റെ ഉപദേശപ്രകാരം ഗുരുവായൂരില്‍ ഭജനമിരുന്ന്, 100 ദിവസംകൊണ്ട് ഭാഗവതത്തെ സംഗ്രഹിച്ച്, 1034 ശ്ലോകങ്ങളുള്ള “നാരായണീയം” എന്ന ഭക്തിസ്തോത്രം രചിച്ച്, കൊല്ലവര്‍ഷം 762 വൃശ്ചികമാസം 28-ാം തീയതി (ക്രിസ്തുവര്‍ഷം 1587 ഡിസംബര്‍ 12) ഭഗവല്‍പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ചു. ആ ദിവസത്തെയാണ് (വൃശ്ചികമാസം 28-ാം തീയതി) നമ്മള്‍ നാരായണീയദിനം ആയി എല്ലാവര്‍ഷവും കൊണ്ടാടുന്നത്.

നാരായണീയസ്തോത്ര രചനയിലൂടെ വിഖ്യാതനായ മേല്‍പുത്തൂര്‍, കോഴിക്കോട് സാമൂതിരി, വടക്കുംകൂര്‍ രാജാവ്, കൊച്ചി മഹാരാജാവ്, അമ്പലപ്പുഴ രാജാവ്, വെട്ടത്തുനാട് രാജാവ് എന്നിവരുടെ രാജസദസ്സുകളില്‍ ആസ്ഥാനകവിയായും, തന്മദ്ധ്യേ നാല്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചും സമൂഹത്തെ സേവിച്ച്, തന്‍റെ അന്ത്യകാലത്ത് ശ്രീപാദസപ്തതീസ്തോത്രം രചിച്ച്, മുക്കോലഭഗവതിയെ ഭജിച്ച്, അവസാനം 86-ാം വയസ്സില്‍ വിഷ്ണുസായൂജ്യം പ്രാപിച്ചു എന്നുമാണ് ഐതിഹ്യം.

മനുഷ്യജന്മത്തിന്‍റെ ലക്ഷ്യം

നാരായണീയദിനസന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ഈ പ്രബന്ധത്തിന്‍റെ മുഖ്യഉദ്ദേശ്യം ഹൃദയാകാശഗുഹയില്‍ സ്ഥിതിചെയ്ത് സര്‍വ്വകരണങ്ങള്‍ക്കും ചേഷ്ടിക്കാനുള്ള ശക്തിയെ പ്രദാനം ചെയ്യുന്ന ആ പുരുഷോത്തമനെ ഈ സ്ഥൂലശരീരം നശിക്കുന്നതിന് മുമ്പ് സാക്ഷാത്ക്കരിക്കുകയാണ് മനുഷ്യജന്മത്തിന്‍റെ ലക്ഷ്യം. ആ ലക്ഷ്യത്തിലെത്താന്‍ നാം ആദ്യമായി ചെയ്യേണ്ടത് ലക്ഷ്യപ്രാപ്തിക്ക് നമുക്ക് സഹായകമായി വര്‍ത്തിക്കുന്ന അന്തഃകരണത്തെ നിര്‍മ്മലവും നിശ്ചലവുമാക്കിവെയ്ക്കുക എന്നതാണ്. അതിന് പ്രഥമമായി ഈശ്വരപ്രാപ്തിയാണ് ജീവിതലക്ഷ്യം എന്ന് ഉറപ്പു വന്ന “വ്യവസായാത്മികാ ബുദ്ധി” നേടണം. തുടര്‍ന്ന് മനസ്സ്, പ്രഭാതത്തില്‍ നാം നിര്‍വഹിക്കുന്ന സ്നാനം മുതല്‍, സമൂഹവുമായി ബന്ധപ്പെടുന്ന സകലകര്‍മ്മങ്ങളടക്കം ദിനാന്ത്യത്തിലുള്ള സുഷുപ്തി വരെ സമസ്തവ്യാപാരങ്ങളും ഈശ്വര പൂജയാക്കിത്തീര്‍ക്കണം. സര്‍വ്വേന്ദ്രിയ വ്യാപാരങ്ങളും മനസ്സിന്‍റെ ഹിതത്തിനനുസരിച്ച് ഭഗവല്‍-പൂജയാക്കണം. ഇപ്രകാരം മനസ്സിനെ രാഗദ്വേഷങ്ങളില്ലാതെ നിര്‍മ്മലവും ചാഞ്ചല്യരഹിതവും ആക്കി വര്‍ത്തിക്കാന്‍ പ്രയത്നിക്കണം.

ഈശ്വരപ്രാപ്തിഭഗവല്‍-പ്രാപ്തിക്ക് അനേകം മാര്‍ഗ്ഗങ്ങളുണ്ട്.കര്‍മ്മയോഗം ജ്ഞാനയോഗം ഭക്തിയോഗം എന്നിവയാണ് ഇവയില്‍ പ്രധാനമായവ. ഈശ്വരാര്‍പ്പണവും നിഷ്കാമവും ആയി സ്വധര്‍മ്മം (അവനവന് വന്നു ചേരുന്ന കര്‍മ്മം) അനുഷ്ഠിച്ച് ഫലം വരുമ്പോള്‍ അനുകൂലമായാലും പ്രതികൂലമായാലും മനസ്സിന് ഇളക്കമില്ലാതെ വര്‍ത്തിക്കുന്നതാണ് കര്‍മ്മയോഗം.

ഈശ്വരന്‍ മാത്രമാണ് ഇവിടെ നിത്യവസ്തുവെന്നും ഈ പ്രപഞ്ചത്തില്‍ കാണുന്നതെല്ലാം മരുഭൂമിയില്‍ കാനല്‍ജലം പോലെ, ആ നിത്യവസ്തുവില്‍ ഉണ്ടെന്ന് തോന്നുന്ന കാഴ്ചകളാണെന്നും അനുഭാവമാകുന്നതാണ് ജ്ഞാനയോഗം. ഹൃദയസ്ഥിതനായ ഈശ്വരന്‍ മാത്രമാണ് സത്യവസ്തു എന്ന അറിവോടെ ആ ഈശ്വരനില്‍ സ്നേഹമുണ്ടാക്കി, പ്രപഞ്ചം മുഴുവന്‍ ആ ഈശ്വരന്‍ തന്നെയാണ് വ്യാപിച്ചിരിക്കുന്നത് എന്ന ബോധത്തോടെ ക്രമേണ ക്രമേണ സ്നേഹത്തെ പ്രേമമായും പ്രേമത്തെ അനന്യഭക്തിയായും പരിണമിപ്പിക്കണം. അങ്ങിനെ സര്‍വ്വജീവജാലങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്നതാണ് ഭക്തിയോഗം. ഒരു സാധകന്‍ ഈ മൂന്ന് യോഗങ്ങളെയും സമന്വയിപ്പിച്ച് ജീവിക്കണം എന്നാണ് സ്വാമി വിവേകാനന്ദന്‍റെ അഭിപ്രായം.
ഭക്തിയുടെ ശ്രേഷ്ഠതഅനുഷ്ഠിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് വിവേകാന്ദസ്വാമിജിയുടെ ഈ ആഹ്വാനം എല്ലാവര്‍ക്കും സ്വീകാര്യമായി എന്ന് വരില്ല. അവരോട് മേല്പുത്തൂര്‍ ഭാഗവതാനുസാരം ഭക്തിയോഗത്തെ ആശ്രയിക്കാന്‍ പറയുന്നു. മൂന്ന് യോഗങ്ങളിലും വെച്ച് ഭക്തിയോഗമാണ് ശ്രേഷ്ഠം എന്നാണ് ഭാഗവതമതം. മിത്രങ്ങളും ശത്രുക്കളും ആയ മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും മത്സ്യങ്ങളിലും, എന്തിന് പറയുന്നു, എല്ലാ ജീവജാലങ്ങളിലും ഏകനായ
ഭഗവാനെ ദര്‍ശിക്കുന്ന ഭക്തിയോഗത്തെ ആശ്രയിക്കണം. ഭക്തി ദൃഢമായാല്‍ വൈരാഗ്യവും ക്രമേണ ഭഗവത്തത്ത്വജ്ഞാനവും സംജാതമാകുന്നു.

ലക്ഷ്യപ്രാപ്തി

ഭക്തി ഉണ്ടാവുന്നതും വര്‍ദ്ധിക്കുന്നതും ഭഗവത്ഭക്തന്മാരുടെ സംഗമം കൊണ്ടാണ്. അവരുടെ മുഖത്തുനിന്നും അനര്‍ഗ്ഗളം നിര്‍ഗ്ഗളിക്കുന്ന ഭഗവല്‍ കഥകളില്‍ നിമജ്ജനം ചെയ്യുന്നതുകൊണ്ട് ഭക്തി അനായാസേന ലഭ്യമാകുന്നു. ആ ഭക്തി നമ്മെ നിര്‍മ്മലജ്ഞാനത്തിലേയ്ക്കും തദ്വാരാ മുക്തിയിലേക്കും നയിക്കുന്നു. (നാരായണിയം ദശകം 91 (4) ദശകം (2(10)) ശ്രീകൃഷ്ണഭഗവാന്‍ ഭഗവദ്ഗീതയില്‍ നമുക്ക് ഉറപ്പു തരുന്നു.
ഭക്ത്യാ മാമഭിജാനാതി യാവാന്‍ യശ്ചാസ്മി തത്ത്വതഃ
തതോ മാം തത്ത്വതോ ജ്ഞാത്വാ വിശതേ തദനന്തരം
(ഗീത 18-55)

(സമഭാവനയുളള ഒരുവന്‍ ഭക്തികൊണ്ട് ഞാന്‍ (ഭഗവാന്‍) എങ്ങനെയുള്ളവനാണെന്നും ആരാണെന്നും അറിയുന്നു. പിന്നീട് എന്‍റെ യഥാര്‍ത്ഥ സ്വരൂപം അറിഞ്ഞിട്ട് അവന്‍ പരമാത്മാവായ എന്നില്‍ ഐക്യം പ്രാപിക്കുന്നു.)അഖിലഭാരതനാരായണീയ മഹോത്സവസമിതിഭക്തജനങ്ങള്‍ക്ക് ഭഗവാനില്‍ ഉള്ള ഭക്തി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി അഖിലഭാരത നാരായണീയ മഹോത്സവ സമിതി തിരുവനന്തപുരം ജില്ലയിലുളള ആയിരത്തോളം ക്ഷേത്രങ്ങളിലും മറ്റുമായി ഏകാഹനാരായണീയ പാരായണയജ്ഞങ്ങളും നാരായണീയ -ഭാഗവത ഉപനിഷത്ത് ക്ലാസ്സുകളും, അതേ വിഷങ്ങളിലുള്ള ഓണ്‍ലൈന്‍ പഠനക്ലാസുകളും, ഈശാവാസ്യോപനിഷത്ത് പരീക്ഷകളും നടത്തിവരുന്നു. 2013 മുതലുളള സമിതിയുടെ ഈ സേവനം ആബാലവൃദ്ധം ആദ്ധ്യാത്മികമായ ഒരു ഉണര്‍വ് ഉണ്ടാക്കിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം. സമിതിയുടെ ഈ പ്രയത്നം പ്രശംസനീയമാണ്. പ്രത്യേകിച്ചും വിവിധക്ഷേത്രങ്ങള്‍, എന്‍.എസ്.എസ് കരയോഗങ്ങള്‍, എസ്.എന്‍.ഡി.പി യോഗങ്ങള്‍ എന്നിവിടങ്ങളിലെ ഭാരവാഹികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി അവരെ എകോപിപ്പിച്ച് കൊണ്ടുവന്ന് സമൂഹത്തിനെ ഉദ്ധരിക്കുന്ന ഈ കര്‍മ്മത്തിന് വേണ്ടി അക്ഷീണ പ്രയത്നം ചെയ്യുന്ന സമിതിയുടെ
സെക്രട്ടറിയും കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന സനല്‍കുമാര്‍ജിയുടെ സേവനം അത്യന്തം സ്തുത്യര്‍ഹമാണ്. അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്ന സഹധര്‍മ്മിണി ബിന്ദുസനലും, മകന്‍ ഹരികൃഷ്ണനും എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു.

432-ാം നാരായണീയ ദിനാഘോഷമാണ് ചെങ്കല്‍ ശിവക്ഷേത്രത്തില്‍ വെച്ച് 14-12-2019 ല്‍ നാം കൊണ്ടാടുന്നത്. സമിതിയുടെ ഇവ്വിധമുളള ആദ്ധ്യാത്മികസംരംഭങ്ങളില്‍ ഉത്തരോത്തരം അഭിവൃദ്ധി ഉണ്ടാവാന്‍
ശ്രീഗുരുവായൂരപ്പന്‍ അനുഗ്രഹിക്കട്ടെ.

                                                   

കെ. ഹരിദാസ്ജി  (മുഖ്യാചാര്യൻ)

അഖിലഭാരത നാരായണീയ മഹോത്സവ സമിതി

തിരുവനന്തപുരം

കലിയുഗ സഞ്ജീവനി - ശ്രീമന്നാരായണീയം

കലിയുഗ കലഹങ്ങള്‍ക്ക് സഞ്ജീവനിയായ ‘നാരായണീയ’ ഭക്തി
കാവ്യത്തെപ്പറ്റിയും, നാരായണീയം ജനകോടികളിലെത്തിച്ച് അവര്‍ക്ക്
ആത്മഹര്‍ഷം നിരന്തരം പ്രദാനം ചെയ്യാന്‍ ഏതാണ്ട് ഇരുപത്തിയഞ്ചിലധികം വര്‍ഷങ്ങള്‍ കൊണ്ട് അശ്രാന്തപരിശ്രമം ചെയ്തുകൊണ്ടിരിക്കുന്ന ആചാര്യരത്നം ശ്രീ. കെ. ഹരിദാസ്ജിയെപ്പറ്റിയും, ഈ പ്രവര്‍ത്തന രംഗത്ത് രാവും പകലും ഒരുപോലെ സകുടുംബം സജീവമായി നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന അഖില ഭാരത നാരായണീയ മഹോത്സവസമിതിയുടെ സെക്രട്ടറിയും, ജനറല്‍ കണ്‍വീനറുമായ ശ്രീ. സനല്‍കുമാര്‍ജിയെപ്പറ്റിയും, സമൂഹത്തെ അറിയിക്കുക എന്ന സദുദ്ദേശത്തോടു കൂടിയാണ് ഈ ലേഖനം എഴുതുന്നത്.

പൂര്‍വ്വജന്മസുകൃതം കൊണ്ടു മാത്രം ലഭിക്കുന്ന മനുഷ്യജന്മം അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേയ്ക്ക് പടുത്തുയര്‍ത്താനുള്ളതാണ്. എന്താണ് അജ്ഞത? ആത്മീയതലത്തില്‍ ചിന്തിച്ചാല്‍, ‘ഞാന്‍ ഈ ദേഹമാണ്’ എന്നുറച്ചുകൊണ്ട് പരസ്പരം കലഹിച്ചും പഴിചാരിയും വിഷാദത്തില്‍ നിന്ന് വിഷാദത്തിലേയ്ക്ക് നമ്മെ നയിക്കുന്ന മനസ്സിന്‍റെ അവസ്ഥയാണ്. ജ്ഞാനം എന്താണ്? ഞാന്‍ ക്ഷണികമായ ദേഹമല്ലെന്നും, ഈ ദേഹമെന്ന ക്ഷേത്രത്തില്‍ സര്‍വ്വസാക്ഷിയായി സര്‍വ്വാത്മാവായി വര്‍ത്തിക്കുന്ന ക്ഷേത്രജ്ഞനാണ് താനെന്നുമുള്ള ദൃഢമായ തിരിച്ചറിവ്. ഈ ആത്മജ്ഞാനം ഇന്ന് എത്രപേര്‍ക്കാണ് ഉള്ളത്? ‘മനുഷ്യാണം സഹസ്രേഷുകശ്ചിത്’ (ആയിരങ്ങളില്‍ ഒരുവനാണ് ഈ ജ്ഞാനം ലഭിക്കുക) എന്നാണ്, ശ്രീകൃഷ്ണ ഭഗവാന്‍ ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന് പറഞ്ഞുകൊടുക്കുന്നത്. ഈ ജ്ഞാനം സിദ്ധാന്തപരമായും, പ്രായോഗികതലത്തിലും അനുഷ്ഠിക്കുന്ന അനന്തപുരിയിലെ അപൂര്‍വ്വം ആചാര്യന്മാരില്‍ അഗ്രഗണ്യനാണ് ആചാര്യരത്നം
ശ്രീ.കെ. ഹരിദാസ്ജി.

Recent Gallery